Monday, January 28, 2008

സഖീ അറിയുന്നുവോ നീ എന്നെ?

നിന്നോടുണ്ടായിരുന്ന എന്റെ സൌഹൃദം-
ആഴമേറിയതായിരുന്നു എന്നൊന്നും
ഞാന്‍ അവകാശപ്പെടുന്നില്ല,
പരസ്പരം മനസ്സിലാക്കുന്നതില്‍
നാം പണ്ടേ പരാജയപ്പെട്ടിരുന്നല്ലോ...

എങ്കിലും കുറേ നാള്‍ അഭിനയമെന്ന്
പരസ്പരം അറിഞ്ഞുകൊണ്ടുതന്നെ-
സൌഹൃദത്തിന്റെ ഒരു മേലങ്കി
അണിയാന്‍ നാം ശ്രമിച്ചിരുന്നു.
ഇന്നാ അഭിനയം പോലും ഇല്ലാതായിരിയ്ക്കുന്നു.
എന്നാ‍യാലും അഭിനയം യഥാറ്ത്ഥ്യത്തിനു
വഴി മാറുന്നതാണ്‍ നല്ലത്.

ഇനി സൌഹൃദത്തിന്റെ പൊള്ളയായ
ചടങ്ങുകള്‍ കഴിക്കേണ്ടതില്ല്ലല്ലോ...
പരിചയത്തിന്റെ പുഞ്ചിരി മാത്രം മതി,
അല്പം ആത്മാറ്ത്ഥതയെങ്കിലും കാണുമല്ലോ അതില്‍.
എങ്കിലും കൂട്ടുകാരീ, ഇന്നു നീ എന്നെ
ഇങ്ങനെ മറവിയിലേയ്ക്ക് എറിഞ്ഞിരിയ്ക്കുന്നെ-
ന്നറിയുമ്പോള്‍, എന്റെ ഉള്ളില്‍ എവിടെയോ
വിങ്ങുന്നു, ചോര പൊടിയാന്‍ തുടങ്ങുന്നു.

അരുതെന്നു പലതവണ വിലക്കിയിട്ടും,
ചൊല്ലുളിയില്ലാ‍ത്ത മനസ്സ്
ഓറ്മ്മകളുടെ കാടുകള്‍ കയറുന്നു.
നിന്റെ പാതയില്‍ ഞാന്‍ ഒരു
അപശകുനമായെങ്കില്‍ എന്ന്
നീ ഭയക്കുന്നുവോ,

പ്രിയ സഖീ, ആരുടേയും സ്വപ്നങ്ങളെ
കൊല്ലാന്‍ എനിയ്ക്കാവില്ല.
സ്വയം മോഹങ്ങള്‍ക്കു-
ബലിയൂട്ടുന്നവളാണ്‍ ഞാന്‍.
അതുകൊണ്ടുതന്നെ ഇനിയാറ്ക്കു
വേണ്ടിയും ബലിച്ചോറൊരുക്കാന്‍
എനിയ്ക്കാവില്ല.

നിന്നെ മറക്കാനൊ വെറുക്കാനൊ
എനിയ്ക്കാവില്ല, കാരണം
എന്റെ ബാല്യത്തിന്റെ വറ്ണ്ണമാണു നീ...
ഇന്നേറെ അകലെയാണെങ്കിലും,
എന്റെ ബാല്യത്തില്‍ നീ എന്‍ അരികിലാണ്‍.
സഖീ അറിയുന്നുവോ നീ എന്നെ?

Labels: ,

Tuesday, January 15, 2008

പുഴ

അമ്മേ എന്‍ മുത്തച്ഛനെങ്ങുപോയി?
കുഞ്ഞേ നിന്‍ മുത്തച്ഛന്‍ മരിച്ചുപോയി...
ഈ പുഴ നിന്‍ മുത്തച്ഛനെ കൊണ്ടു പോയി.
അമ്മയെന്നെന്നമ്മ ചൊല്ലിപഠിപ്പിച്ചൊരീപ്പുഴ -
എന്തിനെന്‍ മുത്തച്ഛനെ കൊണ്ടുപോയി?

അരുതരുതുണ്ണീ ഈ വക നീ‍യൊന്നും ചൊല്ലരുത്,
അനശ്വരനാക്കിടാന്‍ സ്വറ്ഗത്തിലേയ്ക്കല്ലോ-
ഈ പുഴ നിന്‍ മുത്തച്ഛനെ കൊണ്ടുപോയി.
ഒരു നാള്‍ എല്ലാരുമീപുഴയിലൂട-
ങ്ങുപോയ് അനശ്വരരായിടേണം.

അന്നു മുതല്‍ക്കു മോക്ഷദായയാം
പുഴയെന്‍ പ്രിയ തോഴിയായി.
ബാല്യത്തിന്‍ കുസൃതിയ്ക്കും,കൌമാരത്തിന്‍
കൌതുകത്തിനും പുഴയെന്‍ പങ്കാളിയായി.
അമ്മയായ്,ഏടത്തിയായ്,
തോഴിയായ് അവളെന്നില്‍ നിറഞ്ഞു നിന്നു.

പ്രവാസത്തിനായ് എനിയ്ക്കു വിട നല്‍കവേ,
എന്നമ്മതന്‍ കണ്ണുപോല്‍ അവളും കലങ്ങിയിരുന്നു.
ഇടവേളകളില്‍ ഞാനോടിയെത്തുമ്പോള്‍
അമ്മയെപ്പോലവളുമെന്നെ മാറോടണച്ചിരുന്നു,
പറയുവാനരുതാത്ത എന്റെ ഗന്ദറ് വ-
സ്വപ്നങ്ങള്‍ക്കവളൊരു കേള്‍വിക്കാരിയായിരുന്നു.‍

നീണ്ട പ്രവാസത്തിനിടയില്‍
ഒരു നാളെന്നമ്മയ്ക്കരികിലേക്കെത്താനായുള്ള-
യാത്രയ്ക്കിടയിലെവിടെയോ ഒരുച്ചഭാഷിണി-
കുരയ്ക്കുന്നു, പുഴകള്‍ മരിയ്ക്കുന്നു....
ആത്മാവു നശിയ്ക്കുന്നു....

മോക്ഷദായയാം പുഴ മരിയ്ക്കുന്നെന്നോ..
വിഢ്ഢികള്‍ ഇവറ്ക്കൊന്നും വേറെ വേലയില്ലെ?
ഗറ് വിഷ്ഠയാം എന്‍ മനം ചൊല്ലുന്നതീവക.
പയ്യാരം പറയാനായി ഓടിച്ചെന്ന ഞാന്‍
കണ്ടതോ, മൃതപ്രായയാം എന്‍ പുഴയെ...
എനിയ്ക്കൊത്തുകരയാന്‍ പോലുമിന്നെന്‍
പുഴയ്ക്കുശേഷിയില്ലയെന്നോ...

ഇടിത്തീ വീണതെന്‍ നെഞ്ചിലല്ലോ...
അമ്മേ നിനക്കും മരണമെന്നോ?
എന്നമ്മിഞ്ഞപോലുമിനിയെനിയ്ക്കന്യമെന്നോ...
മോക്ഷമെന്നതിനിയെനിയ്ക്കില്ലയെന്നോ.....

Labels:

Monday, January 07, 2008

കാഴ്ചക്കാരി

വട്ടക്കണ്ണടയും വെച്ച് പിന്നാമ്പുറത്തെ വയലിലെ
കാറ്റിനോടും കിളികളോടും കിന്നാരം പറഞ്ഞുനടന്നിരുന്ന-
എന്നെ, കാഴ്ചകള്‍ കാണിക്കാനായി നീ കൂട്ടിക്കൊണ്ടു പോയി
ഉദ്യാന നഗരമെന്ന നിന്റെ വിശേഷണം കേട്ട് ,
ഉദ്യാനം മോഹിച്ചുവന്ന ഞാന്‍ കണ്ടത്
ലോഹം കൊണ്ട് മസ്തിഷ്കം തീറ്ക്കാനായി പായുന്നവരെയാണ്‍.

നീ നയിച്ച വഴിയിലൂടെ ഞാന്‍ മരുഭൂമിയിലുമെത്തി.
മരുഭൂമിയുടെ അനന്തതയും, മണല്‍ക്കല്ലില്‍ തീറ്ത്ത-
മന്ദിരങ്ങളും നീ എനിയ്ക്കു കാണിച്ചു തന്നു..
മണല്‍ക്കാറ്റിന്റെ രൌദ്രതയെകുറിച്ചും,
മരുപ്പച്ച നല്‍കുന്ന പ്രതീക്ഷയെകുറിച്ചും,
നീ എന്നോട് വാചാലനായി...

പക്ഷേ പ്രണയം മോഹിച്ചു കൂടെപോന്ന എനിയ്ക്ക്,
ഇവിടെയും സൌഹൃദമേ കണ്ടെത്താനായുള്ളു...
എനിയ്ക്കൊട്ടും തന്നെ പരിഭവമില്ല,
ഒരായുസ്സിന്റെ സൌഹൃദം നീ-
എനിയ്ക്കായി നല്‍കുന്നുവല്ലോ...

ഇപ്പോള്‍ നീ എന്നെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്
ക്ഷണിയ്ക്കുന്നുവോ?....
പ്രണയത്തിന്റെ ശേഷിപ്പും, ചരിത്രത്തിന്റെ
അസ്ഥിപഞരങ്ങളും, ഭരണയന്ത്രത്തിന്റെ
ആവാസ സ്ഥാനവും കാണിച്ചു തരാമെന്നോ?

എന്നും കാ‍ഴ്ചകളെ ഇഷ്ട്പ്പെട്ടിരുന്ന ഞാന്‍,
പുതിയ കാഴ്ചയ്ക്കായുള്ള നിന്റെ ക്ഷണവും സ്വീകരിയ്ക്കുന്നു.
പക്ഷേ ഈ കാഴ്ചകള്‍ക്കിടയില്‍ ഞാന്‍ വെറും
കാ‍ഴ്ചക്കാരിമാത്രമായി മാറുന്നല്ലോ...
ഒന്നും തന്നെ സ്വന്തമാക്കിയില്ലല്ലോ..

എന്റെ ആത്മഗതം കേട്ട് കാലം-
എന്നെ നോക്കി പറയുന്നു
വട്ടക്കണ്ണടയും വെച്ചു നടന്ന നിന്നെ ഞാന്‍
ആ കണ്ണടയ്ക്കുള്ളിലൂടെ എന്തെല്ലാം കാണിച്ചു തന്നു
എന്നിട്ടും ഒന്നും സ്വന്തമാക്കിയില്ലെന്നോ?
കണ്ടില്ലേ പെണ്ണിന്റെയൊരു അഹങ്കാരം!

Labels: , ,